തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വേ പദ്ധതി നിര്‍ത്തിവയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള താത്കാലിക പുനഃസംഘടന മാത്രമാണ് നടക്കുന്നതെന്നും വിശദീകരിച്ച് സര്‍ക്കാര്‍.
പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കരാര്‍ സര്‍വേയര്‍മാരുടെ സേവനം താത്കാലികമായി നിര്‍ത്തിവച്ചത്. പദ്ധതി പൂര്‍ത്തിയായ 228 വില്ലേജുകളില്‍ ബാക്കിയുണ്ടായിരുന്ന 45,691 പരാതികളില്‍ 24,427 എണ്ണം (53.46%) ഇതിനകം പരിഹരിച്ചു. ശേഷിക്കുന്നവ ഏതാനും ആഴ്ചകള്‍ക്കകം തീര്‍പ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് റെക്കോര്‍ഡ്സ് മോഡേണൈസേഷന് പദ്ധതിയില്‍ നിന്ന് 5.74 കോടി രൂപയും സംസ്ഥാന പദ്ധതിയില്‍ 14 കോടി രൂപയും വകുപ്പിന് ലഭ്യമാക്കി. കരാര്‍ ജീവനക്കാരുടെ വേതന കുടിശികയും വാഹന വാടകയും ഉടന്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.